'ഈ വിശാല സുന്ദര പ്രപഞ്ചത്തില്‍ , ജലം മാത്രമേയുള്ളു ..' അനന്ധതയിലെയ്ക്ക് കണ്ണ് നട്ട് അവന്‍ അവളോടായി പറഞ്ഞു . ഇളം പച്ച കലര്‍ന്ന തടാകത്തിന്റെ മുഴുവന്‍ സൌന്ദര്യവും ആസ്വധിച്ചുകൊണ്ട് ഒന്ന് മുങ്ങി നിവര്‍ന്ന് അവള്‍ പ്രസ്താവിച്ചു , ' അതെ, ഈ വിശാല സുന്ദര തടാകത്തില്‍ നാം രണ്ടു ജീവനുകള്‍ മാത്രം ..' രണ്ടുപേരും കുറച്ചു സമയം നീണ്ട ആലോചനയിലായി . പ്രപഞ്ചത്തിന്റെ ഉല്പത്തിയും സ്വന്തം അസ്തിത്വവും , ഭുതം, ഭാവി ,.. നീണ്ട ... നീണ്ട.. ആലോചന . ഉത്തരം കിട്ടാത്ത ആ ആലോചനകള്‍ക്കിടയില്‍ അവള്‍ ഒന്നുറപ്പിച്ചു പറഞ്ഞു .. 'നമുക്ക് ഈ തടാകമാണ് എല്ലാം.. നമ്മുടെ പാര്‍പ്പിടവും ആഹാരവും ഉത്ഭവവും എല്ലാം ..
ഈ തടാകം നമുക്ക് വേണ്ടി സൃഷ്ടിച്ചതാണ് '..
തടാകത്തിന്റെ ഓരത്ത് വളഞ്ഞു പുളഞ്ഞു കിടക്കുന്ന അവളുടെ തളിര്‍ മേനി ഇടം കണ്ണിട്ട് നോക്കി ഒരു കള്ളാ ചിരിയോടെ അവന്‍ പറഞ്ഞു , 'എനിക്ക് വേണ്ടി നിന്നെയും , നിനക്ക് വേണ്ടി എന്നെയും സൃഷ്ടിച്ചിരിക്കുന്നു'.. അവള്‍ നാണം കൊണ്ട് ചുരുണ്ട്പോയി , അവര്‍ ഗാഡമായി പുണര്‍ന്നു .. ആദ്യ പ്രണയത്തിന്റെ ഉത്ഭവം.. പുതിയ പ്രപഞ്ചത്തിലെ ആദ്യത്തെ പ്രണയം .. അതും അവര്‍ക്ക് വേണ്ടി സ്രിഷ്ടിക്കപെട്ടതാണ് . തടാകം, രണ്ടു ജീവനുകള്‍, പ്രണയം... നിസ്വാര്‍ത്ഥ പ്രണയം.. മറ്റൊന്നുമില്ല .. ഒന്നും .
ഈ ലോകം ഇത്ര ചെറുതായാല്‍ പോരാ.. അവരുടെ പ്രണയത്തോടൊപ്പം മോഹങ്ങളും പടര്‍ന്നു പന്തലിച്ചു. അനുദിനം വികസിച്ചുകൊണ്ടിരിക്കുന്ന തടാകം, ആ ദിവ്യ സുന്ദര തടാകത്തില്‍ നീന്തി തുടിച്ചും, ഇഴഞ്ഞും, പുളഞ്ഞും നൂറായിരം കുഞ്ഞു ജീവനുകള്‍ .. അവരോടൊപ്പം നൂറായിരം വര്ഷം, അല്ല, ഈ പ്രപഞ്ചത്തിന്റെ ഒടുക്കം വരെ സസന്തോഷം കഴിയണം... പെട്ടെന്ന് !! അശരീരി പോലൊരു ശബ്ദം..!!!..
പൊടുന്നനെ സ്വയം തിരിച്ചറിഞ്ഞെന്നപോല്‍ രണ്ടുപേരും കുതറി മാറി. അവന്‍ പരിഭ്രമത്തോടെ അവളോട് പറഞ്ഞു, 'ഞാന്‍ ചെറുതായി ചെറുതായി പോകുന്നു'. അവര്‍ ചുറ്റും നോക്കി.. പ്രപഞ്ചം മുഴുവന്‍ ചെറുതാവുകയാണ്..! അവര്‍ ആ അശരീരി ഏറ്റുപറഞ്ഞു ''സമയമായില്ല പോലും'' ! . അവര്‍ ചുരുങ്ങി ചുരുങ്ങി ഇല്ലാതായിപോകുമോ? അവരുടെ ശബ്ദം നേര്‍ത്തു നേര്‍ത്തു വന്നു .. ഒടുവില്‍ കനത്ത നിശബ്ധത മാത്രം ബാക്കിയായി.. ഞാനെന്റെ 'കൈ' ചെവിയോടടുപ്പിച്ചു. ഇല്ല , ഒന്നും കേള്‍ക്കുന്നില്ല.. വലിയ ആശ്വാസം തോന്നി.. ഞാന്‍ എന്റെ കൈമുട്ടിലെയ്ക്കൊന്നു സൂക്ഷിച്ചു നോക്കി. മുറിവ് പഴുക്കുവാന്‍ തുടങ്ങിയിരിക്കുന്നു.. ഇളം പച്ച കലര്‍ന്നൊരു ദ്രാവകം പുറത്തേയ്ക്ക് എത്തിനോക്കുന്നുണ്ട്..!
No comments:
Post a Comment